ഇനി കെഎസ്ആര്‍ടിസിക്ക് പരസ്യം നല്‍കില്ല, യാത്രാ ചെലവിന് രേഷ്മയ്ക്ക് 50,000; പണം കൈമാറി ജ്വല്ലറി ഉടമ

വിദ്യാര്‍ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കുമുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിക്ക് നല്‍കിവന്ന ലക്ഷങ്ങളുടെ പരസ്യം ജ്വല്ലറി ഗ്രൂപ്പ് ഉടമ റദ്ദാക്കി. പരസ്യത്തിനായി നീക്കിവെച്ച തുകയുടെ ഒരു ഭാഗം മാനസിക പ്രയാസമേറ്റ പെണ്‍കുട്ടിയുടെ യാത്രാ ചെലവിനായി കൈമാറി. നാലുവര്‍ഷം യാത്ര ചെയ്യുന്നതിനായി 50000 രൂപയാണ് കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ കൈമാറിയത്.

ഇന്നലെ ആമച്ചല്‍ കുച്ചപ്പുറത്ത് വീട്ടിലെത്തിയാണ് പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് ടോണി വര്‍ക്കിച്ചന്‍ പണം കൈമാറിയത്. നൊമ്പരപ്പെടുത്തുന്ന മര്‍ദ്ദന വീഡിയോ കണ്ടതോടെയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിവന്ന പരസ്യം ഒഴിവാക്കാന്‍ ടോണി വര്‍ക്കിച്ചന്‍ തീരുമാനിച്ചത്. പരസ്യത്തിനായി നല്‍കിവന്ന തുകയുടെ ഒരു ഭാഗമാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കിയത്.

20 ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായന്‍സ് ഗ്രൂപ്പ് കെഎസ്ആര്‍ടിസിക്ക് നല്‍കിവന്നത്. ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാര്‍ പുതുക്കേണ്ട സമയം എത്തിയിരുന്നു. ജീവനക്കാരുടെ അക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ പുതുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നുവെന്നും ടോണി പറയുന്നു. നാലുവര്‍ഷത്തെ യാത്രാ ചെലവിന് പണം നല്‍കിയ അച്ചായന്‍സ് ഗോള്‍ഡിനോട് നന്ദിയുണ്ടെന്ന് രേഷ്മ പറഞ്ഞു.

Facebook Comments Box
error: Content is protected !!