അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇടക്കാല ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. ചട്ടങ്ങള്‍ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കുറ്റക്കാരെന്ന് തെളിഞ്ഞ ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് സംസ്ഥാനതലത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വാഹനങ്ങളുപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയതിന്റെ വിഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Facebook Comments Box
error: Content is protected !!