ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ പന്നികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി.

അതേ സമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കർഷകർ. നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സാഹചര്യം വിലയിരുത്താൻ തവിഞ്ഞാൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്നിരുന്നു. സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.

Facebook Comments Box
error: Content is protected !!