ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ ചില ഫാമുകളിൽ കഴിഞ്ഞ ദിവസം പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.

പെരുവന്താനം പഞ്ചായത്ത് ഏഴാം വാർഡായ മതമ്പയിൽ സോജൻ എന്നയാളുടെ ഫാമിലും വണ്ടന്മേട് പഞ്ചായത്ത് 16 -ാം വാർഡായ മേപ്പാറയിൽ ജെയ്സ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡ് പാൽക്കുളംമേട് പയസ് ജോസഫ് എന്നയാളുടെ ഫാമിലും പുതിയതായി രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 12 -ാംെ വാർഡിലുള്ള കുഞ്ഞുമോൾ ശശിയുടെയും കൊന്നത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മങ്കുവയിൽ ജീവ ജോയി എന്നയാളുടെ ഫാമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെരുവന്താനം, വണ്ടന്മേട് വാഴത്തോപ്പ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ ദയാവധം ചെയ്തു.

വണ്ടന്മേട് പഞ്ചായത്തിലെ മേപ്പാറയിൽ മാസങ്ങളായി പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെയാണ് ഫാം പ്രവർത്തിച്ചിരുന്നത്. പന്നികൾ കൂട്ടത്തോടെ ചത്തപ്പോൾ ഇൻഷ്വറൻസ് തുക കിട്ടുമോയെന്നറിയാൻ ഉടമ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചപ്പോഴാണ് സംഭവം പറത്തറിഞ്ഞത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ പത്തു കിലോമീറ്റർ ചുറ്റളവ് ജില്ല ഭരണകൂടം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധയുള്ള മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Facebook Comments Box
error: Content is protected !!