സർക്കാർ ഉറപ്പ് പാലിച്ചില്ല; വീണ്ടും സമരം തുടങ്ങി സർക്കാർ ഡോക്ടർമാർ

സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്കരിക്കും. നേരത്തെ ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന്മേൽ ഡോക്ടർമാർ സമരം നിർത്തി വെച്ചിയിരുന്നു.

ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ കെ ജി എം ഒ എ ക്ക് രേഖാമൂലം നൽകിയിരുന്നു.

‘ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ – ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകും.’: – സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പാണിത്.

ഇതിനെ തുടർന്നാണ് കെജിഎംഒഎ നടത്തി വന്ന പ്രതിഷേധ പരിപാടികൾ നിര്‍ത്തിവെച്ചത്. എന്നാൽ തികച്ചും അപലപനീയമാം വിധം നാളിതുവരെയായും ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് കൊവിഡ് പ്രതിരോധ ചികിത്സ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടർമാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഇതിനെതിരെ പ്രതിഷേധം പുനരാരംഭിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചു.

Facebook Comments Box
error: Content is protected !!