വ്യോമഗതാഗതത്തിന്റെ സിംഹഭാഗം പിടിക്കാനൊരുങ്ങി എയർ ഇന്ത്യ

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിച്ച പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യ ഇപ്പോൾ ടാറ്റയ്ക്ക് കീഴിൽ പുതിയ ഉയരങ്ങൾ താണ്ടാനുള്ള ഒരുക്കത്തിലാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗത വിപണിയുടെ 30 ശതമാനവും തങ്ങളുടേതാക്കുകയെന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

അന്താരാഷ്ട്ര സർവീസുകളുടെ എണ്ണവും ക്രമമായി ഉയർത്തും. ജീവനക്കാരുടെ കൂടി അഭിപ്രായം തേടിയശേഷം സമഗ്രമായ മാറ്റത്തിനുള്ള പദ്ധതികളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്. വിഹാൻ.എഐ എന്നാണ് ഈ പദ്ധതിയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. ജൂലൈ മാസത്തിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്ക് പ്രകാരം എയർ ഇന്ത്യയ്ക്ക് ആഭ്യന്തര വിമാന സർവീസ് രംഗത്ത് 8.4 ശതമാനം വിപണി വിഹിതമാണ് ഉള്ളത്.

എയർ ഇന്ത്യക്ക് നിലവിൽ 70 നാരോ ബോഡി വിമാനങ്ങളും 43 വൈഡ് ബോഡി വിമാനങ്ങളുമാണ് ഉള്ളത്. നാരോ ബോഡി വിമാനങ്ങളിൽ 54 എണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അവശേഷിക്കുന്ന 16 എണ്ണം 2023 തുടക്കത്തിൽ പ്രവർത്തനക്ഷമമാകും. വൈഡ് ബോഡി വിമാനങ്ങളിൽ 33 എണ്ണം ഇപ്പോൾ പ്രവർത്തനക്ഷമമാണ്. അവശേഷിക്കുന്നവയും 2023 തുടക്കത്തിൽതന്നെ സർവീസിന് എത്തും. അടുത്ത 15 മാസത്തിനുള്ളിൽ 5 വൈഡ് ബോഡി ബോയിങ് വിമാനങ്ങളും 25 നാരോ ബോഡി എയർബസ് വിമാനങ്ങളും ലീസിന് എടുത്ത് സർവീസ് നടത്താനും എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

വൻ കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിച്ചിരുന്നു.

Facebook Comments Box
error: Content is protected !!