മധ്യപ്രദേശില്‍ വിമാനാപകടം: സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു, അപകടം പരിശീലനപ്പറക്കലിന് ഇടയില്‍
‌‌‌‌

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേന വിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്ന് പൊങ്ങിയ സുഖോയ് – 30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്ന് വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷയിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെയും പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായി കത്തിനശിച്ചു. ഭരത്പൂരിൽ ആദ്യം ചാർട്ടേഴ്ഡ് വിമാനമാണ് അപകടത്തിൽ പെട്ടതെന്നായിരുന്നു വിവരം. എന്നാൽ ഇത് വ്യോമസേന വിമാനത്തിന്‍റെ ഭാഗങ്ങളാണെന്ന് പിന്നീട് മധ്യപ്രദേശ് പൊലീസ് സ്ഥീരീകരിച്ചു.

ഇരുസ്ഥലങ്ങളും തമ്മിൽ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം. വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങൾ പതിച്ചത്. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയിൽ നിന്ന് വിവരങ്ങൾ തേടി. സംയുക്ത സൈനിക മേധാവി, വ്യോമസേന മേധാവി അടക്കമുള്ളവർ മന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.

Facebook Comments Box
error: Content is protected !!