അജിത് കുമാറിന്റെ തുനിവിന് സൗദിയിൽ വിലക്ക്; കാരണം ഇത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് കുമാർ നായകനായി എത്തുന്ന തുനിവ്. ജനുവരി 11 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. സൗദി അറേബ്യയിൽ ചിത്രത്തിന്‍റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം.

ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്‍റെ സെന്‍സറിങ് കഴിഞ്ഞിട്ടില്ല. സെൻസറിങ് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

മലയാള ചിത്രം മോൺസ്റ്ററിനും ഇത്തരത്തിൽ വിലക്ക് ലഭിച്ചിരുന്നു. എല്‍ജിബിടിക്യു രംഗങ്ങളാണ് വിലക്കിന് കാരണമായത്. തുടർന്ന് ഉള്ളടക്കത്തിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിച്ചാണ് പ്രദര്‍ശനാനുമതി വാങ്ങിയത്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്ഐആര്‍ എന്നിവയ്ക്കും ഉള്ളടക്കത്തിന്‍റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു.

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ബാങ്ക് റോബറിയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോണി കപൂറാണ് നിർമാണം. ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക.

Facebook Comments Box
error: Content is protected !!