എകെജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറിലെത്തിയയാൾ അക്രമിയല്ലെന്ന് പൊലീസ്

എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

എകെജി സെൻറ‍ർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്.

സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെൻറിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം, ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.

Facebook Comments Box
error: Content is protected !!