പൃഥ്വിരാജ് – നയൻതാര ചിത്രം; ​ഗോൾഡിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

സംവിധാനം ചെയ്ത രണ്ടു സിനിമകൾ കൊണ്ടു തന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരനായ വ്യക്തിയാണ് അൽഫോൺസ് പുത്രൻ. അവസാനം ഇറങ്ങിയ പ്രേമം സിനിമ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു സിനിമയുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ. പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ​ഗോൾഡ്. ചിത്രത്തിന്റെ വിതരണാവകാശം സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

​ഗോൾഡിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. എസ് എസ് ഐ പ്രൊഡക്ഷന്‍സ് ആണ് ഗോള്‍ഡിന്‍റെ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയത്. 1.25 കോടിക്കാണ് വിൽപ്പന നടന്നത് എന്നാണ് ഫില്‍മിബീറ്റിന്റെ റിപ്പോര്‍ട്ട്. ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണിത്. പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്കാണ് ​ഗോള്‍ഡ് ഈ തുക നേടിയിരിക്കുന്നത്.

അൽഫോൺസ് പുത്രന്റെ രണ്ടു സിനിമകൾക്കും മികച്ച സ്വീകര്യതയാണ് തമിഴ്നാട്ടിൽ നിന്ന് ലഭിച്ചത്. മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ നേരം മികച്ച വിജയമായിരുന്നു. അതിനു പിന്നാലെ ഇറങ്ങിയ പ്രേമം തമിഴ് യുവത ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. പ്രേമം തമിഴ്നാട്ടില്‍ വമ്പിച്ച ജനപ്രീതി നേടിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ തമിഴ് റീമേക്കിനെക്കുറിച്ച് പല അണിയറക്കാരും ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ട എന്നായിരുന്നു ഭൂരിഭാ​ഗം പ്രേമം ആരാധകരുടെയും അഭിപ്രായം. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ പോലും നടത്തിയിരുന്നു.

Facebook Comments Box
error: Content is protected !!