ഇനി വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം, ബജറ്റ് 300 കോടി

തമിഴകത്തെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് അറ്റ്‍ലീയും. ‘വിജയ്‍യുമായി അറ്റ്‍ലീ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിജയ്‍യുടെ അറുപത്തിയെട്ടാം ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‍ലീ ആയിരിക്കും. 300 കോടി ബജറ്റിലുള്ള പാൻ ഇന്ത്യൻ ചിത്രം നിര്‍മിക്കുന്നത് തെനണ്ടല്‍ ഫിലിംസ് ആയിരിക്കും. പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ട്. വിജയ് ‘വരിശ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് ‘വരിശും’ ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്.വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ഒക്ടോബറില്‍ ‘വരിശി’ന്റെ ചിത്രീകരണം തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. ‘ദളപതി 67’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് വില്ലനായി എത്തുന്ന ചിത്രത്തിനു ശേഷമാകും വിജയ് അറ്റ്‍ലിയുടെ സെറ്റില്‍ ജോയിൻ ചെയ്യുക.

Facebook Comments Box
error: Content is protected !!