കെജിഎഫ് സംവിധായകനും നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്നു ; പുതിയ ചിത്രം ‘ബഗീര’ ചിത്രീകരണം തുടങ്ങി

കരിയറിലെ രണ്ടാം ചിത്രം കൊണ്ട് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീല്‍ . കെജിഎഫ് ആയിരുന്നു ആ ചിത്രം. മറ്റു പല ഭാഷകളിലെ സിനിമാവ്യവസായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം പേരില്ലാതിരുന്ന സാന്‍ഡല്‍വുഡിനെ മുന്‍നിരയിലേക്ക് നീക്കിനിര്‍ത്തി എന്നതാണ് കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ സ്വന്തമാക്കിയ നേട്ടം. പ്രഭാസ് നായകനാവുന്ന സലാര്‍, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന പുതിയ ചിത്രം എന്നിവയാണ് പ്രശാന്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹം ഭാഗഭാക്കാവുന്ന മറ്റൊരു ചിത്രം ബംഗളൂരുവില്‍ ഇന്ന് ആരംഭിച്ചു.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബഗീര (Bagheera) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നതും കൌതുകം. ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

പൊലീസ് കഥാപാത്രമാണ് ശ്രീമുരളി അവതരിപ്പിക്കുന്ന നായകന്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. മദഗജ ആണ് ശ്രീമുരളിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. ബംഗളൂരുവിലും കര്‍ണ്ണാടകയുടെ മറ്റു ഭാഗങ്ങളിലുമായിരിക്കും ബഗീരയുടെ ഭൂരിഭാഗം ചിത്രീകരണവും. മറ്റു താരങ്ങളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ലക്കി ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി.

Facebook Comments Box
error: Content is protected !!