നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; പുതിയ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുന്നു. ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം എന്ന പേരിലാണ് ഇവ അറിയപ്പെടുക. രണ്ട് കാലയളവിലേക്ക് ഇവ ലഭ്യമാകും. ഒന്ന് 444 ദിവസത്തേക്ക് 5.75 പലിശ നിരക്കിലും, രണ്ട് 555 ദിവസത്തേക്ക് 6 ശതമാനം പലിശ നിരക്കിലുമാണ്.

ഇന്ന് മുതൽ 2022 ഡിസംബർ 31 വരെ ഈ സ്‌കീമിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ടാകും. 2 കോടിയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്കായിരിക്കും ഈ നിരക്കുകൾ ബാധകമാകുക. എല്ലാ നിക്ഷേപങ്ങളിലെന്നപോലെ മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിലും ഉയർന്ന പലിശ ലഭിക്കും. 0.50 ശതമാനം വരെ മുതിർന്ന പൗരന്മാർക്ക് അധിക പലിശ ലഭിക്കും.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് ആഘോഷിക്കാൻ ഒരു കാരണം കൂടി നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം ഉയർന്ന പലിശ നിരക്കിൽ , രണ്ട് കാലയളവുകളിൽ നൽകുന്നു എന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയ് കെ ഖുറാന പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) “ഉത്സവ് ഡെപ്പോസിറ്റ്” എന്നറിയപ്പെടുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചു. ഈ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിന് ഉയർന്ന പലിശനിരക്കും ഉണ്ട്. ഇവ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

ഉത്സവ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ, 1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ പ്രതിവർഷം 6.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശ നിരക്ക്ലഭിക്കും. ഈ നിരക്കുകൾ 2022 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു, സ്കീമിന് 75 ദിവസത്തെ സാധുതയുണ്ട്.

Facebook Comments Box
error: Content is protected !!