‘ബോയ്‌കോട്ട് ഇപ്പോള്‍ കോമഡിയായി, കാണികളെ വിലകുറച്ചു കാണരുത്’; താപ്‌സി പന്നു

ഹിന്ദി സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ശക്തമാവുകയാണ്. റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ബഹിഷ്‌കരണ ഭീഷണിക്ക് ഇരയാവുന്നുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി താപ്‌സി പന്നു. ഹിന്ദി സിനിമകള്‍ക്കു നേരെയുള്ള ബഹിഷ്‌കരണം ആഹ്വാനത്തെ തമാശയായാണ് കാണുന്നത് എന്നാണ് താരം പറഞ്ഞത്. പുതിയ സിനിമ ദൊബാരയുടെ പ്രമോഷന് ഇടയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ബോയ്‌കോട്ട് ആഹ്വാനവും ട്രോളിങ്ങുമെല്ലാം എല്ലാ ദിവസവും നടക്കുകയാണെങ്കില്‍ ആരെയും അത് ബാധിക്കില്ല. ഒരു ഉപയോഗവും ഇല്ലാത്തതാകും. ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവര്‍ക്ക് എങ്ങനെയെന്ന് പറയാനാകില്ല. പക്ഷേ എനിക്കും അനുരാഗിനും ഇപ്പോള്‍ അത് തമാശയായി.- താപ്‌സി പന്നു പറഞ്ഞു.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവര്‍ പോയി സിനിമ കാണും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോകില്ല. പക്ഷേ ബഹിഷ്‌കരണ ആഹ്വാനം നടത്തുന്നത് കാണികളുടെ ബുദ്ധിയെ വിലകുറച്ച് കാണുന്നതുപോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നിരവധി സിനിമകള്‍ക്കു നേരെയാണ് ബഹിഷ്‌കരണ ഭീഷണിയുണ്ടായത്. ആമിര്‍ ഖാന്റെ ലാല്‍ സിങ്ങ് ഛദ്ദയായിരുന്നു അതിലൊന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ബഹിഷ്‌കരണ ആഹ്വാനം. അതിനു പിന്നാലെ അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ബഹിഷ്‌കരണ ഭീഷണിയില്‍പ്പെട്ടു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാരയ്ക്കു നേരെയും ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു. മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഇന്നാണ് റിലീസിന് എത്തുന്നത്.

Facebook Comments Box
error: Content is protected !!