ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.

ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് അസാധുവായത്.

പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്നും, പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിട്ടത് എന്തിനാണ്? ? സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Facebook Comments Box
error: Content is protected !!