കോവിഡ് മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ

കോവിഡ് അണുബാധയ്ക്ക് മാസങ്ങള്‍ക്കു ശേഷം രോഗികളില്‍ മാനസിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് അമേരിക്കയിലെ ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് അണുബാധ ബാധിച്ചവരില്‍ രോഗബാധയ്ക്ക് നാല് മാസങ്ങള്‍ക്കു ശേഷം മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റ് ശ്വാസകോശ അണുബാധകളുണ്ടായവരെ അപേക്ഷിച്ച് 25 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു.

നാഷണല്‍ കോവിഡ് കോഹര്‍ട്ട് കൊളാബറേറ്റീവില്‍ നിന്നുള്ള 46,610 കോവിഡ് പോസിറ്റീവ് രോഗികളുടെ വിവരങ്ങളാണ് പഠനത്തിനായി വിലയിരുത്തിയത്. കോവിഡ് നിര്‍ണയിച്ച് 21 മുതല്‍ 120 ദിവസം വരെയുള്ളതും 120 മുതല്‍ 365 ദിവസം വരെയുള്ളതും എന്നിങ്ങനെ രണ്ട് കാലയളവിലെ രോഗികളുടെ മാനസികാരോഗ്യ മാറ്റങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കോവിഡ് രോഗികളില്‍ മാനസിക പ്രശ്നമുണ്ടാകാനുള്ള സാധ്യതാ നിരക്ക് 3.8 ശതമാനമായിരിക്കുമ്പോൾ മറ്റ് ശ്വാസകോശ അണുബാധ ബാധിച്ചവരില്‍ ഇത് 3 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രോഗികളില്‍ ഉത്കണ്ഠാ പ്രശ്നങ്ങള്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും ഗവേഷകര്‍ വിലയിരുത്തി.

കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ശ്രദ്ധ ക്ഷണിക്കുന്നതാണ് പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ലോറന്‍ ചാന്‍ പറഞ്ഞു. കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ രോഗികളും ആരോഗ്യ പരിചരണ ദാതാക്കളും കൂടുതല്‍ മുന്‍കൈയെടുക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിനര്‍ഥം കോവിഡ് ബാധിച്ച ഓരോരുത്തര്‍ക്കും മാനസികാരോഗ്യ പ്രശ്നമുണ്ടാകും എന്നല്ലെന്ന് ചാൻ ചൂണ്ടിക്കാട്ടി. രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കൂടുതല്‍ കരുതല്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Facebook Comments Box
error: Content is protected !!