ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി ദുരന്തം; മരണസംഖ്യ 64 ആയി, 20പേരെ കാണാനില്ല

ബംഗ്ലാദേശില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 20പേരെ ഇനിയും കണ്ടെത്തിയില്ല. ഹിന്ദു ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോയ വിശ്വാസികളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബോധേശ്വരി ക്ഷേത്രത്തില്‍ ദുര്‍ഗാ പൂജയ്ക്ക് തുടക്കം കുറിക്കുന്ന മഹാലയ പൂജയ്ക്ക് പോയതായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം.

പാഞ്ച്ഘര്‍ ജില്ലയിലെ കൊരോതുവ നദിയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ ദേബിഗഞ്ചില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബോട്ടില്‍ 150ലേറെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്നതിന് പിന്നാലെ ചിലര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണം എന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കും.

അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ നദിക്കരയില്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്. ബംഗ്ലാദേശില്‍ ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാണ്. മെയില്‍ സ്പീഡ് ബോട്ട് മണല്‍ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26പേര്‍ മരിച്ചിരുന്നു.

Facebook Comments Box
error: Content is protected !!