സുനന്ദ പുഷ്ക്കറിൻ്റെ മരണം; വിചാരണ നടപടികളിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയിൽ

സുനന്ദ പുഷ്ക്കറിൻ്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് ദില്ലി പൊലീസ് നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

സുനന്ദ പുഷ്കറിന്‍റെ മരണത്തിൽ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞത്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവൻ നഷ്ടമായെങ്കിലും ഇതിൽ എന്തെങ്കിലും തെളിവുകൾ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തിൽ ക്രിമനൽ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Facebook Comments Box
error: Content is protected !!