ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ 150 ശതമാനം വര്‍ധന

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്‍റെ വര്‍ധനവ്. ലോകത്തിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ പ്രമേഹമുള്ളവരുടെ എണ്ണം എടുത്താല്‍ ആറില്‍ ഒരാളും ഇന്ത്യക്കാരനായിരിക്കും. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കി. ടൈപ്പ് -1 പ്രമേഹം കണ്ടെത്തുന്ന പ്രായം കുറച്ച് കൊണ്ടുവന്ന് വളരെ ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ മാര്‍ഗരേഖ ലക്ഷ്യമിടുന്നു. നിലവില്‍ നഗര, ഗ്രാമ മേഖലകള്‍ വ്യത്യാസമില്ലാതെ 25-34 പ്രായവിഭാഗത്തില്‍ ടൈപ്പ്-1 പ്രമേഹം വ്യാപകമാണ്.

പാന്‍ക്രിയാസ് ഗ്രന്ഥി ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കാതെ വരുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയാണ് ടൈപ്പ്-1 പ്രമേഹം. ഇന്‍സുലിന്‍ ഇല്ലാതെ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളിലേക്ക് കയറാന്‍ സാധിക്കില്ല. ഇവ രക്തപ്രവാഹത്തില്‍ കെട്ടികിടന്ന് പ്രമേഹരോഗമുണ്ടാക്കുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന ബീറ്റ കോശങ്ങളെ നശിപ്പിക്കുന്ന ശരീരത്തിലെ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണമാണ് ടൈപ്പ്-1 പ്രമേഹത്തിലേക്ക് നയിക്കുന്നത്. അമ്മയ്ക്കോ അച്ഛനോ സഹോദരങ്ങള്‍ക്കോ പ്രമേഹ രോഗ ചരിത്രമുണ്ടെങ്കില്‍ ടൈപ്പ് -1 പ്രമേഹം വരാനുള്ള സാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്.

Facebook Comments Box
error: Content is protected !!