ഫിസിക്കല്‍ സ്റ്റോറിന് പകരക്കാരനാകാന്‍ ഇകൊമേഴ്‌സിന് സാധിക്കില്ല- അജ്മല്‍ ബിസ്മി

റീട്ടെയില്‍ ബിസിനസ് രംഗത്ത് കേരളത്തിന്റെ വിജയമാതൃകയായി ദേശീയതലത്തില്‍പോലും ശ്രദ്ധനേടിയ ബ്രാന്‍ഡ് ആണ് വി എ അജ്മലിന്റെ നേതൃത്വത്തിലുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ്. മലയാളിയുടെ ഷോപ്പിങ് സംസ്‌കാരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുകൂടി ഇടം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിസ്മി ഗ്രൂപ്പിന്റെ തുടക്കം 2003ല്‍ കൊച്ചിയിലായിരുന്നു. ഹോം അപ്ലെയിന്‍സസുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ സ്ഥാപനം എണ്ണൂറു കോടി വിറ്റു വരവുള്ള കേരളത്തിലെ ഏറ്റവും വലിയ റിട്ടെയില്‍ ശൃംഖലയായി മാറുകയായിരുന്നു. ഷോറൂമുകളുടെ വലുപ്പത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ബിസ്മി. നാല്‍പതിനായിരം ചതുരശ്രയടിയിലാണ് ഓരോ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് മാത്രമായി ഷോറൂം എന്ന സാധാരണ കണ്‍സെപ്റ്റ് പൊളിച്ചെഴുതി അവയെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി അവതരിപ്പിച്ച വിജയകഥ കൂടി ബിസ്മി ഗ്രൂപ്പിന് പറയാനുണ്ട്. ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങി, ഇകൊമേഴ്‌സിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തും റീട്ടെയില്‍ ബിസിനസിന്റെ ഭാവിയെ ഏറെ പ്രതീക്ഷയോടെയാണ് അജ്മല്‍ കാണുന്നത്.

ഒരു സംരംഭകന്‍ ആകണമെന്ന ആഗ്രഹത്തോടെ ബിസിനസില്‍ ഇറങ്ങിയ ആളാണ് താനെന്ന് അജ്മല്‍ പറയുന്നു. പ്രൊഡക്ഷന്‍ എഞ്ചിനിയറിങ്ങില്‍ ബിടെക്ക് കഴിഞ്ഞശേഷം, ഇരുപത്തിമൂന്നാമത്തെ വയസില്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഡിസ്ട്രീബ്യൂഷനാണ് ആദ്യം തെരഞ്ഞെടുത്തത്. യൂണിടെക് ട്രേഡിങ് എന്റര്‍പ്രൈസസ് എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. തുടര്‍ന്ന് റീട്ടെയില്‍ ബിസിനസിലേക്ക് കടക്കുകയായിരുന്നു.

ഇകൊമേഴ്‌സും ഫിസിക്കല്‍ സ്റ്റോറുകളും

എതൊരു പ്രൊഡക്റ്റിന്റെയും ടച്ച് ആന്റ് ഫീല്‍ എക്‌സ്പീരിയന്‍സ് ഇഷ്ടപ്പെടുന്നവരാണ് നാം ഒരോരുത്തരും. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരിക്കലും നോര്‍മല്‍ ഫിസിക്കല്‍ സ്റ്റോറുകള്‍ക്ക് പകരമാകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് അജ്മല്‍ പറയുന്നു. ഓണ്‍ലൈന്‍ പര്‍ച്ചെയ്‌സ് നടത്തുന്ന കസ്റ്റമേഴ്‌സിന്റെ എണ്ണം വര്‍ധിച്ചുവെന്ന കാര്യം വിസ്മരിക്കാതെ തന്നെ ഇത് പറയാന്‍ സാധിക്കും. റീട്ടെയില്‍ ഷോപ്പുകളില്‍ നേരിട്ടെത്തുന്ന കസ്റ്റമര്‍ക്ക് വിവിധ ബ്രാന്‍ഡുകളുടെ പ്രൊഡക്റ്റുകള്‍ കംപെയര്‍ ചെയ്ത് വാങ്ങാനുള്ള അവസരം ലഭിക്കുന്നതിലൂടെ തങ്ങള്‍ക്ക് ബോധ്യപ്പെട്ടത് വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇകൊമേഴ്‌സ് വ്യാപാരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ കൂടുതല്‍ പ്രാക്ട്ടിക്കല്‍ ഐഡിയകള്‍ ഉപയോഗിക്കേണ്ടി വരും. ഇതിനായി മാനേജ്‌മെന്റും സ്റ്റാഫും ഒരുപോലെ എഫര്‍ട്ട് എടുക്കേണ്ടി വരുമെന്നും അജ്മല്‍ കൂട്ടിച്ചേര്‍ക്കുന്നു.

കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനും പ്രോഫിറ്റാണ്

നിത്യജീവിതത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഗാഡ്ജറ്റുകളും വഹിക്കുന്ന പങ്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരു വ്യവസായമെന്ന നിലയില്‍ ഡിജിറ്റല്‍ റിട്ടെയില്‍ മേഖലയും വളരുകയാണ്. അതിനര്‍ത്ഥം ഡിജിറ്റല്‍ റീട്ടെയില്‍ ഷോപ്പുകളുടെ ലാഭത്തില്‍ വലിയ വര്‍ധനയുണ്ടായി എന്നല്ല. കസ്റ്റമറുടെ പ്രതീക്ഷ നിറവേറ്റുന്ന പ്രൊഡക്റ്റും ഷോപ്പിങ് എക്‌സ്പീരിയന്‍സും നല്‍കാന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ക്ക് സാധിക്കണം. ബിസ്മി ഗ്രൂപ്പ് എറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനാണ്. അതും തങ്ങള്‍ പ്രോഫിറ്റായാണ് കണക്കാക്കുന്നതെന്നും അജ്മല്‍ പറയുന്നു.

റീട്ടെയില്‍ വ്യവസായത്തിന്റെ വെല്ലുവിളികള്‍

മറ്റേതൊരു വ്യവസായത്തെയും പോലെ റീട്ടെയില്‍ ബിസിനസിനും അതിന്റേതായ നിരവധി പ്രതിസന്ധികളും വെല്ലുവിളികളുണ്ട്. സ്‌കില്‍ഡ് ലേബേഴ്‌സിന്റെ അഭാവം പലപ്പോഴും ബിസിനസിനെ കാര്യമായി ബാധിക്കാറുണ്ട്. സെയില്‍സും സര്‍വീസും കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ബ്രാന്‍ഡുകള്‍ക്കേ വിജയിക്കാന്‍ സാധിക്കൂ. റീട്ടെയില്‍ ഷോപ്പുകള്‍ക്കുള്ള ഈ ഗുണം അതുപോലെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ വെല്ലുവിളികള്‍ തടസ്സമാകില്ല. സോഷ്യോ- എകണോമിക്- പൊളിറ്റിക്കല്‍ മാറ്റങ്ങളും റീട്ടെയില്‍ ബിസിനസ്മാന്‍ ശ്രദ്ധയോടെ വീക്ഷിക്കണം. അതാത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അജ്മല്‍ ഓര്‍മിപ്പിക്കുന്നു.

റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ്

റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് നന്നായി ഹോം വര്‍ക്ക് ചെയ്യണം. ഏത് ബിസിനസാണോ ആരംഭിക്കുന്നത് അതുമായി ബന്ധപ്പെട്ട് എ ടു സെഡ് കാര്യങ്ങളും വിശദമായി മനസിലാക്കാന്‍ ശ്രമിക്കണം. ബിസിനസിന്റെ സാധ്യതകള്‍ വിലയിരുത്തണം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാന്‍ ഇത് സംരംഭകനെ സഹായിക്കും. മാറിക്കൊണ്ടിരിക്കുന്ന സംരംഭക കാലാവസ്ഥയില്‍ അത് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സംരംഭകന് സാധിക്കണം. പ്രകൃതിയും കോവിഡും സൃഷ്ടിച്ച പ്രശ്‌നങ്ങളെ മറികടന്നാണ് ഈ ഓണക്കാലം എല്ലാവരും ആഘോഷിച്ചത്. അത് എല്ലാതരത്തിലുമുള്ള വീണ്ടെടുപ്പ് തന്നെയായിരുന്നു. പ്രത്യേകിച്ചും ബിസിനസിന്റെ. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും അതൊക്കെ അതീജീവിച്ച് മുന്നോട്ട് പോകാമെന്ന ഊര്‍ജമാണ് കോവിഡ് പ്രതിസന്ധിക്കുശേഷമുള്ള നാളുകളില്‍ സംരംഭക ലോകത്തിന് ലഭിച്ചതെന്നും അജ്മല്‍ പറഞ്ഞു നിര്‍ത്തുന്നു.

Facebook Comments Box
error: Content is protected !!