സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒൻപത് പൈസ വീതം വർധന

സംസ്ഥാനത്ത് വരും മാസങ്ങളിൽ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് വർധന. നാല് മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടതിനാലാണ് നിരക്കുവർധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല.

2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുകയാണ് പിരിച്ചെടുക്കുന്നത്. 87.07 കോടി രൂപയാണ് പിരിച്ചെടുക്കുക. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യമെങ്കിലും യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് തുക ഈടാക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.

കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിന് പുറമേ 2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും 2022 ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു മൂന്ന് പൈസ വീതം സർചാർജ് ചുമത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഇത് തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു.

Facebook Comments Box
error: Content is protected !!