ഇലോൺ മസ്കിന് ഇന്ത്യയിലേക്ക് വരാം; കേന്ദ്ര നയം വ്യക്തമാക്കി മന്ത്രി

ഇലോൺ മസ്കിനും അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്കും ഇന്ത്യയിലേക്ക് വരുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് നിലപാടിൽ കമ്പനിക്കുവേണ്ടി പ്രത്യേകമായ ഇളവുകൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയാണ് ടെസ്‌ല.

ഇന്ത്യയിൽ ഏറ്റവും കാറുകൾ ഇറക്കുമതി ചെയ്യുകയും അവയുടെ ഇറക്കുമതിതീരുവ കുറയ്ക്കുകയും അതിലൂടെ വില്പനയ്ക്ക് അവസരമൊരുക്കുകയും ചെയ്താലല്ലാതെ ഇന്ത്യയിൽ കാർ നിർമ്മാണം തുടങ്ങില്ല എന്നാണ് ഇലോൺ മസ്കിന്റെ നിലപാട്. കേന്ദ്രസർക്കാരിൽ വൻകിട വ്യവസായങ്ങളുടെയും പൊതുമേഖലാ സംരംഭങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രിയാണ് മഹേന്ദ്രനാഥ് പാണ്ഡെ. ആത്മ നിർഭർ ഭാരത് പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടു പോവുകയാണ്, പദ്ധതിക്ക് മികച്ച പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുമുണ്ട്, ഈ സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് വേണ്ടി മാത്രമായി നയങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പൂർണമായും വിദേശത്ത് നിർമ്മിച്ച കാറുകൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്. 40000 അമേരിക്കൻ ഡോളറിനു മുകളിൽ മൂല്യമുള്ള കാറുകൾക്ക് 100% ആണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. 40,000 അമേരിക്കൻ ഡോളറിൽ കുറവ് മൂല്യമുള്ള കാറുകൾക്ക് ഇന്ത്യ 60% ഇറക്കുമതി തീരുകയും ആണ് ചുമത്തുന്നത്. ഇത് വളരെ ഉയർന്നതാണ് എന്ന നിലപാടാണ് ഇലോൺ മസ്കിന് ഉള്ളത്.

Facebook Comments Box
error: Content is protected !!