ടെസ്ലയുടെ 700 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിൽക്കുന്നു; പുതിയ നീക്കവുമായി മസ്‌ക്

ആഗോള കോടീശ്വരൻ ഇലോൺ മസ്ക് 700 കോടി ഡോളർ മൂല്യമുള്ള ടെസ്ലയുടെ ഓഹരികൾ വിൽക്കുന്നതായി റിപ്പോർട്ട്. ട്വിറ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികൾ വിൽക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫയൽ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ 7.9 ദശലക്ഷം ഓഹരികൾ വിറ്റത്.

ട്വിറ്ററുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ നിർബന്ധിക്കപ്പെടുകയും ചില ഇക്വിറ്റി പങ്കാളികൾ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ടെസ്ല സ്റ്റോക്കിന്റെ അടിയന്തര വിൽപ്പന ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ചൊവ്വാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനി വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറാനുള്ള ശ്രമത്തെ തുടർന്ന് ടെസ്ല മേധാവിയുമായി ട്വിറ്റർ നിയമ പോരാട്ടത്തിലാണ്. ഒക്ടോബറിൽ വിചാരണ ആരംഭിക്കുമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അറിയിച്ചു.

44 ബില്യൺ ഡോളർ ഇടപാടിന് മുമ്പ് ട്വിറ്റർ വഞ്ചന നടത്തിയെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അതിന്റെ ബിസിനസിനെക്കുറിച്ച് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് മസ്‌കും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ട്വിറ്റർ വാങ്ങുന്നതിനായി പണം കണ്ടെത്താൻ ഏപ്രിലിൽ ഏകദേശം 850 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ മസ്‌ക് വിറ്റതിന് ശേഷമാണ് വീണ്ടും ടെസ്ലയുടെ ഓഹരികൾ വിറ്റത്. ടെസ്ലയുടെ കൂടുതൽ ഓഹരികൾ വിൽക്കില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

44 ബില്ല്യൺ ഡോളറിനാണ് ട്വിറ്റർ വാങ്ങുന്നതായി മസ്‌ക് അറിയിച്ചത്. ലോകത്തെ ഏറ്റവും മൂല്യമേറിയ ഇടപാടായിരുന്നു ഇത്. എന്നാൽ കരാറിൽ നിന്നും ഇലോൺ മസ്‌ക് മസ്‌ക് പിന്മാറിയിരുന്നു. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് അവസാനിപ്പിച്ചത്. ഇതിനെ തുടർന്ന് ട്വിറ്റർ ബോർഡ്, എലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്.

Facebook Comments Box
error: Content is protected !!