അപൂർവരോ​ഗങ്ങളുടെ മരുന്നുകൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ

അപൂർവ രോ​ഗങ്ങളുടെ മരുന്നുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ. ദേശീയ അപൂർവരോ​ഗ നയത്തിന്റെ പട്ടികയിലുള്ള 51 രോ​ഗങ്ങളുടെ മരുന്നുകൾക്കാണ് ധനമന്ത്രാലയം നികുതി പൂർണമായും ഒഴിവാക്കിയത്. ഇതുവഴി വർഷത്തിൽ പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അപൂർവരോ​ഗം ബാധിച്ച് വലയുന്നവർക്ക് വലിയ സഹായമാകുന്ന നിർണായക നടപടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. 2021 ലെ അപൂർവ രോ​ഗ ദേശീയ നയത്തിന്റെ ഭാ​ഗമായുള്ള രോ​ഗങ്ങളുടെ പട്ടികയിലെ 51 ഇനം രോ​ഗങ്ങൾക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയിൽനിന്നും പൂർണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽവരും. ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാർ ഹെൽത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മരുന്നുകൾക്ക് നിലവിൽ 10 ശതമാനമാണ് ഇറക്കുമതി തീരുവ. ജീവൻ രക്ഷാ മരുന്നുകൾക്കും വാക്സിനുകൾക്കും 5 ശതമാനം വരെയും തീരുവയുണ്ട്.

അപൂർവരോ​ഗം ബാധിച്ച കുട്ടികൾക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകൾക്കും ചികിത്സാ ആവിശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപവരെ വർഷം ചെലവിടേണ്ടി വരുന്നുവെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഈ തുകയാണ് ഇനി ലാഭിക്കാനാകുക. സ്പൈനൽ മസ്കുലർ അട്രോഫിയടക്കമുള്ള രോ​ഗങ്ങളുടെ മരുന്നുകൾക്കുള്ള തീരുവയിൽ നേരത്തെ തന്നെ കേന്ദ്രം ഇളവ് നൽകിയിരുന്നു. മറ്റ് മരുന്നുകൾക്കും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

Facebook Comments Box
error: Content is protected !!