കൊച്ചിയിൽ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; മൂന്നംഗ സംഘം ഉൾപ്പെടെ നാല് പേര്‍ അറസ്റ്റിൽ

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ആളും സംഘാംഗങ്ങളും അറസ്റ്റിൽ. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ആരക്കുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വിഷ്ണു ( ബ്ലാക്ക്‌ മാന്‍ 30), ഏനാനെല്ലൂര്‍ കാലാമ്പൂര്‍ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ അമീന്‍ (39), മഞ്ഞളളൂര്‍ മണിയന്തടം നെല്ലൂര്‍ സാന്‍ജോ (30), എന്നിവരെയാണ് കല്ലൂര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കലൂരുള്ള ജോഷി ആന്‍റണി എന്നയാളെ വകവരുത്തുന്നതിനായി ഇയാളോട് വ്യക്തി വൈരാഗ്യമുള്ള രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

ഇത് പ്രകാരം ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് എത്തിച്ചേര്‍ന്ന ക്വട്ടേഷൻ സംഘാംഗങ്ങള്‍ ജോഷിയുടെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം ഇയാള്‍ വാഹനം വെട്ടിച്ച് രക്ഷപ്പെട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് കല്ലൂര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എ എസ് ഐ മുഹമ്മദ് അഷറഫ്, എസ് സി പി ഒ മാരായ ജിബി, ബിനോയി, സി പി ഒ മാരായ ബിനുമോന്‍ ജോസഫ്, ജിയോ എന്നിവര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇടുക്കി, എറണാകുളം റൂറല്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികൾ.

Facebook Comments Box
error: Content is protected !!