3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ്

കൊച്ചി; സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ മെഡിസെപ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കേരള ​ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇടയിലാണ് ബാല​ഗോപാൽ വ്യക്തമാക്കിയത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. വർഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നേരിട്ട് സഹായം എത്തിക്കാൻ ഇതുവഴി സാധിക്കുമെന്ന് ബാല​ഗോപാൽ പറഞ്ഞു. സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് അംഗത്വം നിർബന്ധമാണ്. സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം. പെൻഷൻകാർക്ക് പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ കാഷ്‌ലെസ് ചികിൽസ നൽകും. എല്ലാവർക്കും 500 രൂപയാണ് പ്രതിമാസ പ്രീമിയം.

സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളിലെ ഉൾപ്പെടെയുള്ള അധ്യാപക–അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും നിർബന്ധമായും ചേർന്നിരിക്കണം. സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്. മെഡിസെപിലൂടെ ഒപി ചികിത്സയ്ക്കു കവറേജ് ഇല്ല. അതിനാൽ, കേരള ഗവ. സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിലും ആർസിസി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷൽറ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് സമ്പ്രദായം തുടരും.

Facebook Comments Box
error: Content is protected !!