‌ ‘ദഹി’ വേണ്ട, തൈര് പാക്കറ്റുകളിൽ പ്രാദേശിക ഭാഷ മതിയെന്ന് പുതിയ ഉത്തരവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്നാട്ടിലും കർണാടകയിലും പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് തമിഴ്നാട്ടിലും കർണാടകയിലും ഉയർന്നത്. കേർഡ് എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.

തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രം​ഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയെ എതിർക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തൈര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോ​ഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. മിൽക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉൽപ്പന്നങ്ങളുടെ പേര് മാറ്റണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ചീസ്, വെണ്ണ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകും. തമിഴ്നാട്ടിലേയും കർണാടകയിലേയും മിൽക്ക് ഫെഡറേഷനുകളിൽ ദഹി എന്ന ലേബൽ ഉപയോ​ഗിക്കണമെന്നുള്ള പത്രവാർത്ത ഷെയർ ചെയ്തു കൊണ്ടാണ് സ്റ്റാലിന്റെ പ്രതികരണം.

കർണാടകയിലും പ്രതിഷേധമുണ്ടായതി. പാക്കറ്റുകളിൽ ദഹി എന്ന് പ്രാധാന്യത്തോടെ എഴുതുകയും ബ്രാക്കറ്റിൽ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിർദേശം നൽകിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി പറഞ്ഞു. എന്നാൽ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments Box
error: Content is protected !!