സ്വപ്ന സുരേഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ഇഡി; ഇന്ന് ചോദ്യം ചെയ്തത് ഏഴര മണിക്കൂർ നേരം

സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ കൊച്ചിയിൽ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നേരം നീണ്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

ഇന്നലെ അഞ്ച് മണിക്കൂർ നേരം സ്വപ്നയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സരിത്തിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

രാവിലെ തുടങ്ങിയ സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിയോടെയാണ് അവസാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സ്വപ്നയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യ മൊഴിയിലുള്ളത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും തന്‍റെ കൈവശമുള്ള തെളിവുകളും ഇ.ഡി.ക്ക് കൈമാറും എന്ന് സ്വപ്ന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നാണ് സ്വപ്ന സുരേഷിന്‍റെ നിലപാട്.

Facebook Comments Box
error: Content is protected !!