മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ പുറത്ത് വിടുമോ; ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഇന്ന്

മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാജ്ഭവനില്‍ രാവിലെ 11.45 നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്.

ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡാലോചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി കത്തും നല്‍കിയിരുന്നു. ഈ കത്തും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.

ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം അറിയാതെ അസംബന്ധം പറയുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ തനിക്കെതിരേ ഒളിഞ്ഞുനിന്ന് കളിച്ച മുഖ്യമന്ത്രി വെളിച്ചത്തുവന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

Facebook Comments Box
error: Content is protected !!