ഗുരുവായൂര്‍ ആനകള്‍ക്ക് സുഖചികിത്സ ജൂലായ് ഒന്നു മുതല്‍

ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി വര്‍ഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂര്‍ ആനത്താവളത്തില്‍ ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂര്‍ ദേവസ്വീ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ് പ്രത്യേകസുഖചികിത്സ.

ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക.ആന ചികിത്സ വിദഗ്ധരായ ഡോ. കെസി പണിക്കര്‍, ഡോ. പിബി ഗിരിദാസ് ഡോ. എംഎന്‍ ദേവന്‍ നമ്പൂതിരി, ഡോ. ടിഎസ് രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ.

ഇതിനായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ഗജപരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം ജൂലായ് 1 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ച് ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ നിര്‍വഹിക്കും.

എന്‍കെ അക്ബര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങള്‍, ജീവധനം വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരാകും.

Facebook Comments Box
error: Content is protected !!