തൃശ്ശൂ‍ർ ന​ഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി, കൊല്ലത്ത് എട്ട് പേർക്ക് ഭക്ഷ്യവിഷബാധ

തൃശ്ശൂ‍ർ നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു.

അതേ സമയം കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എട്ട് പേർ ചാത്തന്നൂരിലെ കുടുംബ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കുടുംബശ്രീ വാർഷികാഘോഷ പരിപാടിക്ക് ശേഷം നൽകിയ ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയിൽ നിന്നാണ് പരിപാടിക്ക് ഭക്ഷണം വാങ്ങിയതെന്ന് സംഘാടകർ അറിയിച്ചു.

Facebook Comments Box
error: Content is protected !!