അഗ്നിപഥ്: വിജ്ഞാപനം ഇറക്കി കരസേന, ജൂലൈയിൽ രജിസ്‌ട്രേഷൻ

അഗ്‌നിപഥ് പദ്ധതി അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീരന്മാരെ റിക്രൂട്ട്‌മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ജൂലൈയിൽ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു.

കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി സൂചിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് പകുതി മുതൽ നവംബർ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികൾ നടത്താനാണ് തീരുമാനം. ആദ്യബാച്ചിൽ 25,000 പേർ കരസേനയിൽ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂൺ 26 ന് പ്രസിദ്ധീകരിക്കും.

വനിതകൾക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകൾക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ 21 ന് ആരംഭിക്കും. വ്യോമസേനയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ 24 മുതൽ. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30 മുതൽ നടക്കും.

Facebook Comments Box
error: Content is protected !!