മിഷൻ സൗത്തുമായി ബിജെപി: നടൻ ജൂനിയര്‍ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും

രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.

ഇവിടെ ഇന്ന് വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട് ഈ കൂട്ടത്തിൽ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എൻടിആറും ഉണ്ടെന്നാണ് സൂചന. അമിത് ഷായെ കാണാൻ ജൂനിയര്‍ എൻടിആര്‍ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

“കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ ക്ഷണപ്രകാരം പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ നന്ദമുരി തരകര റാവു (ജൂനിയർ എൻടിആർ) അദ്ദേഹത്തെ കാണാനെത്തും. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് ഈ കൂടിക്കാഴ്ച നടക്കുക,” തെലങ്കാന ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍. എൻടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എൻടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്.

ദക്ഷിണേന്ത്യയിൽ ബിജെപിയിൽ മാത്രമാണ് ഇതുവരെ ബിജെപി അധികാരം നേടാനായിട്ടുള്ളത്. പ്രാദേശിക പാര്‍ട്ടികൾ ശക്തമായ ഇതരസംസ്ഥാനങ്ങളിൽ കാര്യമായി സ്വാധീനമുറപ്പിക്കാൻ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാന രൂപീകരണത്തിന് ടിആര്‍എസ് ഭരണത്തിൽ തുടരുന്ന തെലങ്കാനയിൽ ശക്തമായ പ്രതിപക്ഷത്തിൻ്റെ അഭാവമുണ്ട്. കോണ്‍ഗ്രസിനെ തളര്‍ത്തി അവിടെ വളരാനുള്ള ശ്രമത്തിലാണ് ബിജെപിയിപ്പോൾ.

Facebook Comments Box
error: Content is protected !!