രണ്ടംഗ സേർച്ച് കമ്മിറ്റി ചട്ടവിരുദ്ധം; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള വിസി

ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വിസി നിയമന വിവാദത്തിൽ രണ്ടംഗ സേർച്ച് കമ്മിറ്റി ഗവർണറുണ്ടാക്കിയത് ചട്ട വിരുദ്ധമായാണെന്ന് വിസി ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിൽ പറഞ്ഞു. സെനറ്റ് യോഗം ചേരുന്നതിൽ വിസി തീരുമാനം എടുത്തില്ല. ഗവർണർ രൂപീകരിച്ച കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടം അനുവദിക്കില്ലെന്നും കേരള സർവകലാശാല വിസി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി നൽകി. പ്രമേയത്തിന്‍റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ, വിസിക്ക് അന്ത്യശാസനമെന്ന നിലയിൽ പുതിയ കത്ത് നൽകി.

എന്നിട്ടും പ്രതിനിധിയെ നൽകാൻ വിസി തയ്യാറായില്ല. ഇതോടെ വിസിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ നടപടിയിലേക്ക് കടക്കും. എന്നാലും ഗവർണ്ണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ് സർവ്വകലാശാല.

അടുത്ത 24ന് വി സിയുടെ കാലാവധി തീരും. നടപടികൾ എല്ലാം ചട്ടപ്രകാരം എന്നാണ് രാജ്ഭവന്‍റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനെ സർവകലാശാല നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു എന്നാണ് രാജ്ഭവൻ നിലപാട്. ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്. ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതിയാണ് നിയമസഭ പാസ്സാക്കിയത്.

Facebook Comments Box
error: Content is protected !!