കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ചു വീഴ്ത്തി; കണ്ണൂരില്‍ സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കുമരിച്ചന്തയില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ക്ക് നേരെ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു.

15 പേരടങ്ങുന്ന സംഘമാണ് കട അടപ്പിക്കാനെത്തിയത്. ഇവര്‍ കടയിലെ പഴക്കുലകള്‍ അടക്കം വലിച്ചെറിഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു.

കണ്ണൂര്‍ വളപട്ടണത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂര്‍ക്ക് പോയ ബസിന് നേര്‍ക്കാണ് അക്രമമുണ്ടായത്.

Facebook Comments Box
error: Content is protected !!