വായ്പാ പലിശ ഉയരുന്നു; നിരക്കു വര്‍ധിപ്പിച്ച് ബാങ്കുകള്‍

അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് അടിസ്ഥാന വായ്പ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ബാങ്കുകള്‍ വായ്പാ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 8.10 ശതമാനമാണ് വായ്പാനിരക്ക്. ബാങ്ക് ഓഫ് ബറോഡയും സമാനമായ നിലയില്‍ വായ്പാ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ നിക്ഷേപനിരക്കും വായ്പാ നിരക്കും വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും വര്‍ധിപ്പിച്ചു. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ദന്‍ ബാങ്ക്,ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് , ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും വായ്പാനിരക്കും വര്‍ധിപ്പിച്ചിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് പലിശനിരക്കില്‍ 35 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ബന്ദന്‍ ബാങ്ക് പലിശനിരക്ക് കുറച്ചുകൂടി വര്‍ധിപ്പിച്ചു. 50 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇരുബാങ്കുകളും രണ്ടുവര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. മുതിര്‍ന്നവര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനം പലിശനിരക്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 6.50 ശതമാനമാണ് പലിശ.

Facebook Comments Box
error: Content is protected !!