സിനിമ നിർത്തി; നിരപരാധിത്വം തെളിയുന്നത് വരെ പുതിയ പടം ചെയ്യില്ലെന്ന് സനൽ കുമാർ ശശിധരൻ

നിരപരാധിത്വം തെളിയുന്നത് വരെ സംവിധാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി സനൽ കുമാർ ശശിധരൻ. സനൽ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രം സിയോളിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‌പ്രദർശിപ്പിക്കുമെന്ന് അറിയിച്ചതിനൊപ്പമാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും പങ്കുവച്ചത്. നടി മഞ്ജു വാര്യരെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സനൽകുമാറിനെ രണ്ട് മാസം മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

“എന്റെ നിരപരാധിത്വം തെളിയും വരെ സംവിധാനത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. സിനിമ മാത്രം ജീവിതലക്ഷ്യം ആയിരുന്ന ഒരാളെന്ന നിലയിൽ മുന്നോട്ട് ജിവിക്കാനും എന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കാനും ബുദ്ധി‌മുട്ടാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഒരു ആത്മീയ ഉണർവായി ഞാൻ കണ്ടിരുന്നു. എന്റെ ജോലിയുടെ പരിശുദ്ധിക്കായി ഞാൻ എല്ലാം നൽകി.

സ്വകാര്യ ജീവിതത്തിൽ എനിക്ക് താഴപിഴകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല പക്ഷെ എന്റെ കലാജീവിതത്തിൽ ഞാൻ സത്യസന്ധമായിരുന്നു. എന്റെ മേൽ ചുമത്തിയ കേസ് തീർത്തും തെറ്റാണ്, അധികാരമുള്ള ചിലർ അവരുടെ സങ്കുചിത താൽപ്പര്യങ്ങൾക്കായി എന്നെ അപകീർത്തിപ്പെടുത്താനും പൈശാചികവത്കരിക്കാനും ആഗ്രഹിക്കുന്നു”, ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സനൽ പറഞ്ഞു

“ഞാൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഞാൻ മടങ്ങിവന്നേക്കാം. അല്ലെങ്കിൽ, വിധിക്ക് മുമ്പ് ഞാൻ മരിച്ചാൽ, ഇത് എന്റെ അവസാന സിനിമയായിരിക്കാം”, സനൽ കൂട്ടിച്ചേർത്തു.

Facebook Comments Box
error: Content is protected !!