നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം; ജനുവരി 31 നകം കഴിവതും പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനുവരി 31 നകം വിചാരണ കഴിവതും പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വാദം കേള്‍ക്കലിനിടെ, നടിക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും ഹാജരായ അഭിഭാഷകര്‍ വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ടെന്നും, ഈ കേസ് ബുധനാഴ്ച കോടതി പരിഗണിക്കുമെന്നും അക്രമത്തിനിരയായ നടിയും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കഴിവതും ജനുവരി 31 നകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണയുടെ നടപടി പുരോഗതി റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കം സമര്‍പ്പിക്കാന്‍ വിചാരണകോടതി ജഡ്ജിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍, ഈ കേസും അതീവ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം എം സുന്ദരേഷ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Facebook Comments Box
error: Content is protected !!