അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻ ടി എ പ്രതികരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻ ടി എ ഡി ജി വീനീത് ജോഷി പ്രതികരിച്ചു. എൻ ടി എ യുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ കൂടൂതൽ അന്വേഷണം നടത്തും.

പൊലീസ് അന്വേഷണവുമായി എന്‍ടിഎ സഹകരിക്കും. രാജ്യത്ത് ഈ സെന്‍ററിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നും എൻ ടി എ ഡി ജി പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.

Facebook Comments Box
error: Content is protected !!