വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; സർക്കാർ ഹൈക്കോടതിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്കല്ലെന്നും പ്രതിഷേധക്കാർക്കാണെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്‍റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു.

ഇതോടെ വിഴിഞ്ഞത്ത് പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. മറുപടി നൽകിയ സർക്കാർ, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ അന്വേഷണ ചുമതല ആർ നിശാന്തിനിക്ക് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ ഇപ്പോഴും പദ്ധതി പ്രദേശത്തേക്ക് സാധനങ്ങളെത്തിക്കാൻ കഴിയുന്നില്ലെന്നും വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപ്പന്തലിലുണ്ടെന്നും അദാനി പോർട്ട് കോടതിയെ അറിയിച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും കഴിയുന്നില്ലേയെന്ന ചോദ്യം കോടതി സർക്കാരിനോട് ചോദിച്ചു.

Facebook Comments Box
error: Content is protected !!