ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ.

2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികൾക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേൾപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേർ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീർ, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവിൽ സിപിഎം അംഗമാണ്.

യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. ആസൂത്രണം ചെയ്തവര്‍ രക്ഷപ്പെട്ടു. മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

Facebook Comments Box
error: Content is protected !!