എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം; ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തില്‍ പ്രധാനമന്ത്രി

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്.

വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

നേരത്തെ ആര്‍ആര്‍ആര്‍ നേടിയ ബഹുമതിയില്‍ ഗീതസംവിധായകൻ എംഎം കീരവാണിയെ അഭിനന്ദിച്ച് ഓസ്‌കാർ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്മാൻ രംഗത്ത് എത്തിയിരുന്നു. അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൌലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ആര്‍ആര്‍ആര്‍ ടീം വിജയം ആഘോഷിക്കുന്ന വീഡിയോ അടക്കം എആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.

എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം.

Facebook Comments Box
error: Content is protected !!