എസ്ഐയെ കൈയേറ്റം ചെയ്തു; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പേരോട് വാഹനങ്ങൾ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് നാദാപുരം എസ് ഐ പ്രശാന്തിനെ ഇവർ കൈയ്യേറ്റം ചെയ്തത്. നാദാപുരം സിഐയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ട് നിർത്തിയിട്ട ലോറിക്ക് നേരെ പോപ്പുലർ ഫ്രണ്ട് സമരാനുകൂലികൾ നടത്തിയ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ലോറി ഡ്രൈവർ വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട് പുഷ്പ ജങ്ഷനിൽ വെച്ചാണ് സംഭവം. ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് സമരാനുകൂലികള്‍ നടത്തിയത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും അക്രമണമഴിച്ചുവിട്ടു.

ലോറി നിർത്തിയിട്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവ‍ര്‍ ജിനു വിശദീകരിച്ചു. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. ലോറിയുടെ ചില്ല് പൊട്ടി. കല്ല് വന്ന് മൂക്കിനിടിച്ചു. പൊട്ടിയ ചില്ല് കണ്ണിൽ കയറി. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറോളം അവിടെയിരുത്തിയെന്നും ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും ജിനു വിശദീകരിച്ചു.

കോഴിക്കോട് നിന്നും ഈറോഡേക്ക് പോകുന്ന ലോറിയുടെ ഡ്രൈവറാണ് ജിനു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ജിനുവിനെ പൊലീസുകാരാണ് പിന്നീട് ബിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരപരിക്കാണ് ജിനുവിനുള്ളതെന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കുമെന്നുമാണ് വിവരം.

Facebook Comments Box
error: Content is protected !!