പോത്തൻകോട് സദാചാര ആക്രമണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. പെൺകുട്ടികളുടെ പരാതിയും ഒപ്പം കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായോ എന്നതും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്‍പിയാണ് ഉത്തരവിറക്കിയത്. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുവച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പെൺകുട്ടികളുടെ ഉൾപ്പെടെ മൊഴി എടുത്തെങ്കിലും, പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം പോത്തൻകോട് പൊലീസിനെതിരെ ഉയർന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലിനാണ് സംഭവം നടന്നത്.

സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിയ്ക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. വെള്ളായനിക്കൽ സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്.

Facebook Comments Box
error: Content is protected !!