പ്രധാനമന്ത്രി നരേന്ദ്ര മോദി 72ന്റെ നിറവിൽ; ഇന്ന് പിറന്നാൾ; ആഘോഷമാക്കാൻ ബിജെപി


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍ വ്യവസ്ഥയായി ഇന്ത്യ മാറിയതിന്‍റെ നിറവിലാണ് പ്രധാനമന്ത്രിയുെട ജന്മദിനം എത്തുന്നത്. ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായതിന്‍റെ മധുരം നുണഞ്ഞാണ് മോദിക്ക് ഇത്തവണത്തെ ജന്മദിനം. വികസിത രാജ്യമെന്ന സ്വപ്നത്തിനായുള്ള ആഹ്വാനം മോദി നല്‍കിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി. കൂടുതല്‍ കാലം അധികാരത്തിലിരുന്ന നേതാവ്. തുടങ്ങി ഏറ്റവും കൂടുതല്‍ പുസ്തകങ്ങളെഴുതിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാരിലൊരാള്‍ എന്ന പെരുമ വരെ അദ്ദേഹത്തിന് സ്വന്തം. ‌ഗുജറാത്തിലെ വഡ്നഗറിലാണ് അദ്ദേഹം ജനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിയുടെ വിവിധ സംസ്ഥാന ഘടങ്ങൾ. തമിഴ്‌നാട് ബിജെപി ഘടകം ഇന്ന് ചെന്നൈയിലെ ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കും, രണ്ട് ഗ്രാം വീതമുള്ള മോതിരമായിരിക്കും അണിയിക്കുക. ഓരോ മോതിരത്തിനും അയ്യായിരം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ സൗജന്യമായി 720 കിലോ മത്സ്യം വിതരണം ചെയ്യും. പ്രധാനമന്ത്രി മത്സ്യ യോജനയ്ക്ക് കീഴിലാവും മത്സ്യവിതരണം നടത്തുകയെന്നും ബിജെപി നേതാവ് എ ശരവണന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു. ആയിരക്കണക്കിന് രക്തദാന ക്യാംപുകള്‍, ആരോഗ്യ പരിശോധന ക്യാംപുകള്‍ എന്നിവ നടത്തും.

ഒക്ടോബര്‍ 18ന് നഗരത്തിലെ ചേരികളിലെ കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന കൂട്ടയോട്ടം മേജര്‍ ധ്യാന്‍ചന്ദ് നാഷനല്‍ സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഏകദേശം 10,000 കുട്ടികളും ചെറുപ്പക്കാരും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുമെന്ന് ആദേശ് ഗുപ്ത വ്യക്തമാക്കി.

Facebook Comments Box
error: Content is protected !!