പ്രവാചക നിന്ദാ പരാമർശം : നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്

മുംബൈ: പ്രവാചക നിന്ദാ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാ‍ജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വർഗീയ പരാമർശത്തിൽ മുംബൈ പൊലീസിന് മുന്നിലാണ് ഹാജരാകേണ്ടത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വർഗീയ പരാമർശത്തിൽ നൂപുർ ശർമയ്ക്കെതിരെ കഴിഞ്ഞ മാസം 27ന് ആണ് മുംബൈ പൊലീസ് കേസെടുത്തത്.

മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷൈഖ് നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നബി വിരുദ്ധ പരാമർശത്തിൽ സസ്പെൻഷനിലായ ബിജെപി വക്താവ് നുപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ദില്ലി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

Facebook Comments Box
error: Content is protected !!