രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ സമീപനം വിദേശവിപണിയില്‍ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ വിദേശ വിപണിയില്‍ ദോഷകരമായി ബാധിക്കുമെന്ന മുന്നറുയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നടപടികള്‍ വിദേശ സര്‍ക്കാരുകള്‍ മനസിലാക്കുന്നുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു.

ടൈംസ് നെറ്റ്വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു രഘുറാം രാജന്റെ പ്രതികരണം.സകല പൗരന്മാരോടും മാന്യമായി പെരുമാറുന്ന ഒരു ജനാധിപത്യ രാജ്യമായി പുറത്തുനിന്നുള്ള രാജ്യങ്ങള്‍ നമ്മളെ കാണുന്നുവെങ്കില്‍, അത് നമ്മുടെ രാജ്യത്തെ വിദേശ വിപണിയില്‍ സഹായിക്കും. അത് നമ്മുടെ വിപണികള്‍ വളര്‍ത്തും.

ഒരു രാജ്യത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു രാജ്യം വിശ്വസ്ത പങ്കാളിയാണോ എന്ന് വിലയിരുത്തുന്നത്. അതില്‍ പധാനപ്പെട്ടതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഉയിഗറുകളെയും ഒരു പരിധിവരെ ടിബറ്റന്‍കാരെയും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തില്‍ ചൈന ഇത്തരം പ്രതിസന്ധികള്‍ നേരിട്ടുണ്ട്,’ രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ വീടുകളും ചെറിയ കടകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Facebook Comments Box
error: Content is protected !!