പലിശ നിരക്ക് ഉയർത്തിയേക്കും; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയ അവലോകന യോഗം ആരംഭിച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം ആരംഭിച്ചു. ജൂൺ 6 തിങ്കൾ മുതൽ 8 ബുധൻ വരെയാണ് യോഗം നടക്കുക. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർബിഐ പലിശ നിരക്ക് ഉയർത്തും എന്നാണ് സൂചന. എന്നാൽ എത്ര ബേസിസ് പോയിന്റ് വർധനയായിരിക്കും നടത്തുക എന്നതിൽ ഇതുവരെ വ്യക്തതയില്ല. റിപ്പോ നിരക്ക് 25-50 ബേസിസ് പോയിന്റുകൾ വരെ വർധിപ്പിക്കാം എന്നാണ് എക്കണോമിക് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നത്.

നിലവിലെ റിപ്പോ നിരക്കായ 4.4 ശതമാനത്തിൽ നിന്നും 4.9 ശതമാനം വരെയായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ്‌ അഭിപ്രായ വോട്ടെടുപ്പിൽ നിന്നും ലഭിക്കുന്ന ഫലം. വ്യാപാരികൾ, സാമ്പത്തിക വിദഗ്ധർ, ഫണ്ട് മാനേജർമാർ, ധനകാര്യ സ്ഥാപന മേധാവികൾ തുടങ്ങിയവരാണ് എക്കണോമിക് ടൈംസ് നടത്തിയ അഭിപ്[രായ വോട്ടെടുപ്പിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്.

റഷ്യ – ഉക്രൈൻ യുദ്ധം, ആഗോള വിപണിയിൽ ഉണ്ടായ എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ ഇന്ത്യയുടെ സമ്പദ്ഘടനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആർബിഐ നിരക്കുകൾ ഉയർത്തുന്നത്. ഏപ്രിലിൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതോടുകൂടി ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ജൂണിലെ പണനയ അവലോകന യോഗത്തിലും നിരക്ക് വർധനവ് ഉണ്ടാകുമെന്ന് ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു.

Facebook Comments Box
error: Content is protected !!