ഉത്രാടദിനത്തില്‍ റെക്കോർഡ് മദ്യവില്‍പ്പന; കുടിച്ചത് 117 കോടിയുടെ മദ്യം

ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പന റെക്കോർഡിട്ടു. ഉത്രാടദിനത്തില്‍ റെക്കോർഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 100 കോടി കടന്നു.

ഇത്തവണ 117 കോടി രൂപയ്ക്കാണ് ബുധനാഴ്ച മദ്യം വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്. ഓണക്കാല മദ്യവില്‍പ്പനയിലൂടെ 550 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുക.

ഇത്തവണ നാലു ഔട്ട്‌ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നീ ഔട്ട്‌ലെറ്റുകളിലാണ് വന്‍ വില്‍പ്പന നടന്നിട്ടുള്ളത്.

കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ ഒരു കോടി ആറുലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റാണ്. കഴിഞ്ഞ പ്രാവശ്യം ഉത്രാടദിനത്തില്‍ ബെവ്‌കോയുടെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി 85 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

Facebook Comments Box
error: Content is protected !!