തന്നെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ മറക്കാതെ നയൻതാര

ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ നയൻതാര-വിഘ്നേഷ് വിവാഹത്തിന് പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. ഡയാന കുര്യൻ എന്ന നയൻതാരയെ ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചത് സത്യൻ അന്തിക്കാടാണ്. വിവാഹത്തലേന്നു നയൻതാരയുടെ വീട്ടിലേക്കു പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി. സത്യനിൽനിന്ന് അനുഗ്രഹം തേടിയ നയൻതാര അടുത്ത ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കി.

2003 ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേക്കുള്ള നയൻതാരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വർഷങ്ങളുടെ പ്രണയത്തിനു ശേഷം വിഘ്നേഷ് ശിവൻ എന്ന സംവിധായകന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ സിനിമാലോകത്തെ ചുരുക്കം ചില താരങ്ങൾക്കു മാത്രമേ ക്ഷണമുണ്ടായുള്ളൂ.

മലയാളത്തിൽനിന്നു സത്യൻ അന്തിക്കാടിനു പുറമേ ദിലീപും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി. നാളെ ഇരുവരും ചേർന്നു മാധ്യമങ്ങളെ കാണും.

Facebook Comments Box
error: Content is protected !!